ads

banner

Wednesday, 14 November 2018

author photo
തമിഴ് സിനിമാവ്യവസായത്തിൽ അതിരുകളില്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന റിയാലിറ്റി ഷോയാണ് 'നാളയെ ഇയക്കുണർ.' കാർത്തിക്ക് സുബ്ബരാജ്, നളൻ കുമരസാമി, അരുൺ കുമാർ തുടങ്ങി വർത്തമാന തമിഴ് സിനിമയുടെ നെടുംതൂണുകൾ എല്ലാംതന്നെ ഹരിശ്രീ കുറിച്ചയിടമായിരുന്നു ഈ റിയാലിറ്റി ഷോ. മേൽപ്പറഞ്ഞ പേരുകളുടെ കൂട്ടത്തിൽ അത്രയൊന്നും പ്രശസ്തിപറ്റാത്ത ഒരു പേരുകൂടിയുണ്ടായിരുന്നു. രാംകുമാർ എന്ന സംവിധായകന്റെ പേര്.

തമിഴ് സിനിമയിലെ തന്നെ പീരീഡ്‌ ഹാസ്യചിത്രങ്ങളിൽ മികച്ചവയിലൊന്നായ 'മുണ്ടാസുപെട്ടി'യുടെ സംവിധായകൻ. രാംകുമാർ പക്ഷെ തന്റെ രണ്ടാമത്തെ ചിത്രമെടുക്കുന്നത് നാല് വർഷങ്ങൾക്കിപ്പുറമാണെന്ന് മാത്രം. അതും ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നുമായി. തമിഴിലെ രണ്ടാംനിര നായകരും ചെറിയ ബഡ്ജറ്റുമായി പുറത്തുവരുന്ന ഗുണനിലവാരമുള്ള ചിത്രമായി ആദ്യദിനം മുതൽ പ്രേക്ഷകപ്രീതി നേടിയ 'രാച്ചസൻ' റിലീസിന് ശേഷം ഒരു ത്രില്ലർ സെൻസേഷനായി മാറി. ചെന്നൈ നഗരത്തിൽ പോലീസിനെ മുൾമുനയിൽ നിർത്തുന്ന, ചോദ്യചിഹ്നമായി മാറിയ ഒരു സീരിയൽ കില്ലറിനെ ഒരു ഇൻസ്‌പെക്ടർ ട്രെയിനീ കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതും മറ്റുമായാണ് ചിത്രത്തിന്റെ ഉദ്വേഗനിർഭരമായ കഥ മുന്നോട്ടുപോകുന്നത്.

കെട്ടുറപ്പുള്ളതും സാമാന്യാസ്വാദനത്തിന് പഴുതുകളടച്ചതും സാധാരണക്കാരായ പ്രേക്ഷകർക്ക് ലളിതമായി ഗ്രഹിക്കുവാനുമാകുന്ന തിരക്കഥയാണ് 'രാച്ചസൻ' എന്ന ഈ ചിത്രത്തിന്റെ അടിത്തറ. ഹോളിവുഡ് അമേരിക്കൻ ത്രില്ലറുകളോടും സംഭവകഥകളോടും അഭിനിവേശമുള്ള, സംവിധായകനാകുവാൻ ശ്രമിക്കുന്ന നായകൻ പിന്നീട് സാഹചര്യ സമ്മർദം മൂലം മരണപ്പെട്ട അച്ഛന്റെ പോലീസ് ജോലി ഏറ്റെടുക്കുന്നതും സൈക്കോ കഥാപാത്രങ്ങളോടുള്ള തന്റെ അനുഭാവം കേസ് അന്വേഷിക്കുവാനായി ഉപയോഗിക്കുന്നതുമായാണ് ചിത്രം തുടങ്ങുന്നത്. ഇത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ പരിചിതമായ, അതിഭാവുകത്വം ഇല്ലാത്ത അടിത്തറയും, അനുദിനമെന്നതുപോലെ സാധാരണമായ അന്തരീക്ഷവും പ്രേക്ഷകനെ ചിത്രത്തിൽ തുടക്കം മുതലേ ചേർത്തുവയ്ക്കപ്പെടുന്നു.

അതിശയോക്തി കഴിയും വിധം കലരാതെയുള്ള സമീപനമാണ് ചിത്രത്തിൽ സംവിധായകനായ രാംകുമാർ സ്വീകരിച്ചിരിക്കുന്നത്. പ്രേക്ഷകന്റെ സാമാന്യയുക്തിക്ക് താഴയോ മുകളിലോ കടന്നുചെല്ലാത്ത, അംഗീകരിക്കുവാൻ കഴിയുന്ന 'ബ്രില്ല്യൻസുകൾ' മാത്രമേ ചിത്രത്തിലുള്ളു. അതിൽ കവിയുന്ന ഓരോ കാര്യങ്ങൾക്കും ഭൂതകാലത്തിൽ നടന്ന മറ്റ് സംഭവകഥകളെയാണ് നായകബുദ്ധിവീര്യത്തെക്കാൾ സംവിധായകൻ കൂട്ടുപിടിക്കുന്നത് എന്നത് ശ്രദ്ധേയം. ഇത്തരത്തിൽ യാഥാർഥ്യത്തെയും സിനിമയേയും വേർതിരിക്കുന്ന നേർവരയെ വളരെ കുറച്ചുകൊണ്ട് 'സംഭവിച്ചേക്കുവാൻ' സാധിക്കുന്ന തരത്തിലുള്ള ഒന്നായി ചിത്രത്തിലെ പ്രതിഭാസങ്ങളെ അവതരിപ്പിക്കുന്ന വഴിയുള്ള ഭയവും ചിത്രം വീക്ഷിക്കുന്ന പ്രേക്ഷകർക്ക് അനുഭവേദ്യമാകുന്നു.

ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന ഉദ്വേഗത്തോടൊപ്പം ഒരു ഹൊറർ ചിത്രം നൽകുന്ന ഭയപ്രീതിയും രാച്ചസൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. വെട്ടുകളേൽപ്പിച്ച പാവത്തലയും കണ്ണും ചുണ്ടുകളും ചൂഴ്ന്നെടുത്ത ബോഡികളുടെ വിവരണങ്ങളും ഭയാനകമായ വിചിത്രസ്വഭാവമുള്ള പശ്ചാത്തലസംഗീതവും ഉദ്വേഗത്തേക്കാൾ സൃഷ്ടിക്കുന്നത് ഭയപ്പാടാണ്. വീര്യസ്വഭാവമില്ലാത്ത നായകൻ സൂപ്പർഹീറോ ആവുകയില്ലെന്ന തിരിച്ചറിവും നായകന്റെ സ്വന്തബന്ധങ്ങളിലേക്ക് വിജയകരമായി തന്നെ കയറിച്ചെല്ലുന്ന അജ്ഞാത വില്ലനെ ഭയത്തോടെയല്ലാതെ കാണുവാനാകില്ല. തമിഴ് ആകാരം അന്യമായ വില്ലനും കൂടിയാകുമ്പോൾ മേല്പറഞ്ഞവ സാധൂകരിക്കപ്പെടുന്നു.

അടുത്തകാലത്ത് വിജയമായി മാറിയ തമിഴ് ത്രില്ലർ ചിത്രങ്ങൾ പിന്തുടരുന്ന ഫോർമുലകൾ കുറഞ്ഞ അളവിൽ പ്രേക്ഷകന് അനുഭവേദ്യമാകുന്ന ഉദ്വേഗത്തെ ബാധിക്കാത്ത തരത്തിൽ 'രാച്ചസനി'ലും കാണുവാൻ കഴിയുന്നുണ്ട്‌. കുടുംബത്തോടുള്ള നായകന്റെ പ്രിയം, ഗാനങ്ങൾ, അവയിലേക്ക് കയറിച്ചെല്ലുന്ന വില്ലൻ, ആത്യന്തികമായി കുടുംബത്തെ രക്ഷിക്കുവാൻ പുറപ്പെടുന്ന നായകൻ ഒക്കെയും ചിത്രത്തിൽ വീക്ഷിക്കാമെങ്കിലും ചിത്രം സമ്മാനിക്കുന്ന അനന്യമായ അനുഭവത്തെ അവയൊരിക്കലും മുറിവേൽപ്പിക്കുന്നില്ല എന്നുമാത്രമല്ല, തിരക്കഥയിൽ അവയൊക്കെ കൂട്ടിയോജിക്കപ്പെടുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്. തമിഴ് ഫാമിലി ഓഡിയൻസിനുവേണ്ടിയുള്ള സെന്റിമെന്റ രംഗങ്ങൾ ഫോർമുലയുടെ ആവർത്തനം ആണെങ്കിൽ പോലും അവയൊന്നും പ്രേക്ഷകരെ അൽപ്പം പോലും മടുപ്പിച്ചിരുന്നില്ല.

വെണ്ണിലാ കബഡിക്കുഴു, നീർപ്പറവൈ, മുണ്ടാസുപെട്ടി, ഇൻട്രു നേട്ര് നാളൈ തുടങ്ങിയ വിജയചിത്രങ്ങളിലെ നായകനായ വിഷ്ണു വിശാൽ കയ്യടക്കത്തോടെ തന്നെ തന്റെ വേഷം ഭംഗിയാക്കി. വിജയ്, അജിത്, സൂര്യ തുടങ്ങി നീണ്ടുപോകുന്ന തമിഴിലെ ഒന്നാംനിര നായകന്മാർ പോലും നിലവാരത്തകർച്ച ആവർത്തിക്കുമ്പോൾ വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകൾ സമ്മാനിക്കുവാൻ തമിഴിലെ രണ്ടാം നിര നായകന്മാർക്ക് സാധിക്കുന്നത് പ്രതീക്ഷാനിർഭരമാണ്. അമലാപോൾ ആയാസരഹിതമായ വേഷം ചെയ്തപ്പോൾ രാംദോസ് എന്ന ഹാസ്യനടൻ സെന്റിമെന്റ രംഗങ്ങളിൽ മികച്ചുനിന്നു. ഇമ്പരാജ് എന്ന വേഷം ചെയ്ത വിനോദ് സാഗർ എന്ന പുതുമുഖനടനും ചെറുതും അതിപ്രാധാന്യമുള്ളതുമായ ഒരു വേഷം പകരം വയ്ക്കുവാനില്ലാത്തവിധം മികവുറ്റതാക്കി.

ചിത്രം കണ്ട ആരും മറക്കാൻ ഇടയില്ലാത്ത ഭയമുണർത്തുന്ന ഒന്നാണ് ചിത്രത്തിലെ വില്ലന്റെ പശ്ചാത്തലസംഗീതം. 'വാഗൈ സൂടാ വാ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച, ഉത്തമവില്ലൻ എന്ന കമൽ ഹാസൻ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീതജ്ഞൻ ജിബ്രാൻ ആണ് രാച്ചസനിലെ മാസ്മരിക പശ്ചാത്തലസംഗീതത്തിന് പിന്നിൽ. പി.വി. ശങ്കർ ക്യാമറയും സാൻ ലോകേഷ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിലെ ടെക്ക്നിക്കൽ വിഭാഗവും മികച്ചുനിന്നു. എല്ലാത്തരത്തിലും സംതൃപ്തി നൽകുന്ന, തമിഴ് സിനിമയുടെ വളർച്ചയെ എടുത്തുകാണിക്കുന്ന ചിത്രം തമിഴ്റോക്കേഴ്സിനെയും തോൽപ്പിച്ച് കേരളത്തിലെ തിയേറ്ററുകളിൽ പോലും പ്രദർശിപ്പിക്കപ്പെടുന്ന കാഴ്ച്ച അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണ്. കെട്ടുറപ്പുള്ള മലയാളം ത്രില്ലറുകൾ ഇത്തരത്തിൽ ഏറെ വരുകയും സ്വീകരിക്കപ്പെടുകയും ചെയ്യട്ടേയെന്ന് ഓരോ പ്രേക്ഷകനും പ്രത്യാശിക്കാം.

your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
This Is The Oldest Page

Advertisement